അവൻ കണ്ണുകൾ മുറുകെ അടച്ചു.
ഉപ്പിന്റെ കനം നിറഞ്ഞ കാറ്റ് മൂക്കിലൂടെ കയറിക്കൊണ്ടിരുന്നു. ആ ഉപ്പുരുചി ചെറുതായി അസ്വസ്ഥത ഉണ്ടാക്കി. എന്നാൽ ഇന്ന് അത് അവനെ ബാധിക്കാൻ പോകുന്നില്ല. അവന്റെ ഉള്ളിൽ അതിലും വലുതായ ഒരു തിരമാല ഉയർന്നുകൊണ്ടിരുന്നു — ചിന്തകളുടെ തിരമാല.
ചിന്തകൾ ഒരുമിച്ച് പൊങ്ങി ഉയർന്നെങ്കിലും, ഒറ്റ ചിന്തയിലേക്കും അവന് മനസ്സ് കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. മനസ്സ് ഒരു കൊടുങ്കാറ്റിന് ശേഷം അലമുറയിടുന്ന കടൽപോലെ ആയിരുന്നു — ശാന്തമാകാൻ ശ്രമിച്ചെങ്കിലും രക്ഷയില്ല.
അപ്പോഴപ്പോഴായി ചെറിയ തിരമാലകൾ കടൽത്തീരത്ത് എത്തി അവന്റെ കാൽപ്പാദങ്ങളെ തൊട്ട് “ഞങ്ങൾ ഇവിടെ തന്നെയുണ്ട്” എന്ന് പറയുന്നതുപോലെ മടങ്ങിപ്പോയി. അവന് അതിൽ ഒരു വിചിത്രമായ ആശ്വാസം തോന്നി. ആ ചെറിയ തിരമാലകളിൽ അവൻ വിവരിക്കാൻ കഴിയാത്ത ഒരു സമാധാനം കണ്ടെത്തി.
അത് ശബ്ദമില്ലാത്തൊരു സാന്ത്വനമായിരുന്നു — ആരും ചോദിക്കാത്ത, ആരും നിർബന്ധിക്കാത്ത ഒരു സ്നേഹസ്പർശം പോലെ.
ദൂരെയായി വാഹനങ്ങളുടെ ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ടായിരുന്നു. നഗരം മുഴുവൻ ഉറക്കത്തിലായിരുന്നെങ്കിലും, അതിന്റെ ശ്വാസം പോലെ ആ ശബ്ദങ്ങൾ ഇനിയും ജീവിച്ചു. ആ ശബ്ദങ്ങൾ അവനെ പത്തു വർഷം പിന്നിലേക്ക് കൊണ്ടുപോയി.
പത്ത് വർഷങ്ങൾക്ക് മുമ്പ്, സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകളോടെ അവൻ ഈ നഗരത്തിലേക്ക് വന്നിരുന്നു — പഠിക്കാൻ.
അന്ന് അവന് ജീവിതം ഇങ്ങനെ തിരിഞ്ഞുമറിയുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല.
പഠനം പൂർത്തിയാക്കുന്നതിന് മുമ്പേ ഒരു ജോലി ലഭിച്ചു. കോളേജ് കഴിഞ്ഞ ഉടൻ, ഓഫീസിന് അടുത്ത് ഒരു ചെറിയ ഒറ്റമുറി ഫ്ലാറ്റ് എടുത്തു താമസം തുടങ്ങി. അത് അവന്റെ സ്വപ്നജീവിതം പോലെയായിരുന്നു. സ്വന്തം സമ്പാദ്യം. സ്വന്തം ഇടം. സ്വന്തം തീരുമാനങ്ങൾ.
എന്നാൽ ആ സ്വാതന്ത്ര്യത്തിനുള്ളിൽ ഒരു സൂക്ഷ്മമായ ഏകാന്തത ഒളിഞ്ഞിരുന്നു.
അന്നുമുതൽ അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഈ കടലായിരുന്നു.
വാടകയ്ക്ക് എടുത്ത വീട്ടിന് നേരെ മുന്നിലായി, ദിനവും രാത്രിയും തിരമാലകളെ അയച്ചു അവനെ അഭിവാദ്യം ചെയ്തിരുന്ന അതേ കടൽ.
ആ സൗഹൃദം കൊണ്ടാകാം ഇന്നും അവൻ ഇവിടെ വന്നിരിക്കുന്നത്.
ഒരു പഴയ സുഹൃത്തെ കാണാൻ.
ഒരിക്കൽ തനിക്ക് സമാധാനം നൽകിയ ആ തിരമാലകളോട് വീണ്ടും ഒരു “ഹലോ” പറയാൻ.
കാരണം ഇന്ന് അവൻ ക്ഷീണിച്ചിരിക്കുന്നു.
മുന്നോട്ട് പോകാൻ വഴി കാണാത്ത ഒരിടത്ത് നിൽക്കുകയാണ്. അവന്റെ മുന്നിൽ ഒരു കറുത്ത മതിൽ ഉയർന്ന് നിൽക്കുന്നു — അതിന്റെ മറുവശത്ത് എന്താണെന്ന് അറിയാത്ത, അതിനെ എങ്ങനെ കടക്കണമെന്നറിയാത്ത ഒരു ഇരുണ്ട മതിൽ.
കടൽ മാത്രം ശാന്തമായി ശ്വാസം എടുക്കുന്നു.
അവനെ കേൾക്കാൻ തയ്യാറായ ഏക സാക്ഷിയായി.
പഠനം കഴിഞ്ഞ് ഒരു വർഷത്തോളം അവൻ ചെന്നൈയിൽ ജോലി ചെയ്തു.
സ്വപ്നങ്ങളുടെ നഗരം പോലെ അവനെ എപ്പോഴും ആകർഷിച്ചിരുന്ന ചെന്നൈ—
എന്നാൽ ആ നഗരം നൽകിയ ആദ്യ സമ്മാനം അവന് ഇഷ്ടമായിരുന്നില്ല.
ഒരു പ്രോഗ്രാമർ ജോലി.
ആരെയും കുഴക്കാത്ത കോഡുകളിലും, തനിക്കു മാത്രം മനസിലാകുന്ന വിരസതയിലും അവൻ വീണുകിടന്നു.
തന്നെ തിന്നുന്ന ഒരു ശൂന്യത.
മാറ്റത്തിനുള്ള വഴിയോ രക്ഷപ്പെടാനുള്ള കവാടമോ ഒന്നുമില്ലായിരുന്നു.
ജോലി ഇഷ്ടമല്ലെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോൾ,
“പഠിക്കണം, സഹിക്കണം, മുന്നോട്ട് പോകണം,”
എന്നായിരുന്നു അവരുടെ ഉപദേശം.
അവൻ ശ്രമിച്ചു —പഠിക്കാനും, പിടിച്ച് നിൽക്കാനും.
എന്നാൽ ഓരോ ദിവസം കഴിയുമ്പോളും അവന്റെ ഹൃദയം അൽപാൽപ്പം വിങ്ങുകയായിരുന്നു.
ആഴ്ചയിൽ ഒരിക്കൽ കോളേജ് കൂട്ടുകാരെ കാണാൻ പോകും. അവരിൽ ചിലർ BPO-കളിലും ചിലർ ചെറിയ ഫ്രീലാൻസ് ജോലികളിലും ആയിരുന്നു. സമ്പാദ്യം അധികമൊന്നുമല്ലെങ്കിലും അവരുടെ ചിരിയും സ്വാതന്ത്ര്യവും അവനെ അസൂയപ്പെടുത്തും. അവരുടെ ലളിതമായ സന്തോഷം അവന്റെ കഠിന യാഥാർത്ഥ്യത്തിനെതിരെ പൊങ്ങുന്ന ഒരു തിരമാല പോലെ.
അവിടെ നിന്നാണ് ഒരു ചിന്ത—
ഈ ജോലിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിത്തിരിവ്.
ഒരു ബിസിനസ് തുടങ്ങാമോ?
കൂട്ടുകാരോട് ചോദിച്ചു.
ഉത്തരം “ശരിയാണ്, നോക്കാം” എന്ന അവ്യക്ത പ്രതീക്ഷ.
അങ്ങനെ മൂന്ന് വർഷം.
ബിസിനസ്.
ഉയർച്ചകൾ, ഇടിവുകൾ, കുടുംബവഴക്കുകൾ, അഭ്യന്തര കലഹങ്ങൾ— ഒരു ഓഫീസ് നാട്ടിൽ തുറന്നു, പിന്നെ അടച്ചു, പുനരാരംഭിച്ച് വീണ്ടും തകർന്നിട്ട്, മുന്നോട്ട് പോകാനായി എടുത്ത ശ്രമങ്ങൾ.
അവസാനം മാതാപിതാക്കൾ വിവാഹത്തെക്കുറിച്ചു സംസാരം തുടങ്ങി. അവൻ മൗനസമ്മതം നൽകി.
വിവാഹത്തിന് ശേഷമാണ്, ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം ഒരു കുടുംബത്തെ താങ്ങാൻ പോരെന്ന യാഥാർത്ഥ്യം വെളിച്ചം കണ്ടത്.
അപ്പോഴാണ് ഒരു വലിയ ബിസിനസ് അവസരം വാതിൽതട്ടിയത്—
പക്ഷേ അതിന് വേണ്ട നിക്ഷേപം അവൻ ഭാവന ചെയ്തതിലും അപ്പുറം. സ്ഥിരമല്ലാത്ത സ്വപ്നങ്ങളുടെയും പതറിയ ധൈര്യത്തിന്റെയും കൂട്ടുകെട്ടിൽ, എന്നിരുന്നാലും അവൻ അത് കൈവിടാൻ തയ്യാറായില്ല.
അവസാനം ബാങ്കിന്റെ വാതിൽ.
ആശങ്കകളും പ്രശ്നങ്ങളും നിറഞ്ഞ ദിനങ്ങൾക്കുശേഷം, അവന് കിട്ടിയത് പ്രതീക്ഷിച്ചതിന്റെ പകുതി മാത്രം. ശേഷം മാതാപിതാക്കളുടെ FD കൾ തകർത്ത്, പുതുതായി വിവാഹം കഴിഞ്ഞ ഭാര്യയുടെ ആഭരണങ്ങൾ പണയംവെച്ച്,
എല്ലാം കൂട്ടിച്ചേർത്ത് അവൻ ആ ബിസിനസ് തുടങ്ങി.
പക്ഷേ നഷ്ടം ദയയില്ലാതെ അവനെ വെട്ടയാടി. ആദ്യത്തെ മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ. പ്രൊജക്ഷനുകൾ വെറും കേട്ടുകഥകളാണെന്ന് അവൻ തിരിച്ചറിഞ്ഞു.
എന്നിരുന്നാലും അവൻ പിടിച്ചു നിന്നു. ചിലവുകൾ ചുരുക്കി, വേദന ഒളിപ്പിച്ചു, ഒരു വർഷം somehow ജീവൻ നിലനിർത്തി. പക്ഷേ അതിന് അപ്പുറം കഴിഞ്ഞില്ല.
“അടച്ചുപൂട്ടുന്നതിനു പകരം, കമ്പനിയുടെ ഒരു പങ്ക് വിൽക്കാമല്ലോ?” എന്നൊരു ചിന്ത ഉയര്‍ന്നു.
അവന്റെ സ്ഥാപനത്തിന്റെ ഉപഭോക്താക്കൾ സമൂഹത്തിലെ പ്രമുഖരായിരുന്നു. അവരിൽ 15–20 പേരെ തിരഞ്ഞെടുത്തു. പ്രാർത്ഥനയോടെ തന്റെ ഹൃദയം തുറന്ന് ഓരോരുത്തർക്കും വേറിട്ട ഇമെയിൽ എഴുതി — സഹായം തേടുന്ന, നിസ്സഹായതയും പ്രതീക്ഷയും ഒരുമിച്ചുള്ള വാക്കുകൾ.
രണ്ട് ദിവസം കാത്തിരിപ്പായിരുന്നു.
മൂന്നാം ദിവസം, ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു, ഓഫീസിലെത്തി ലാപ്ടോപ്പ് തുറന്നപ്പോൾ
ഒരു മറുപടി—
ഒരാൾ, അവന്റെ ഉപഭോക്താവ്,
“നിങ്ങളുടെ പ്രോപ്പോസൽ ഞങ്ങളുടെ ഫിനാൻസ് VP-ക്ക് അയക്കൂ”
എന്ന് എഴുതിയിരുന്നു.
അവൻ ആകാശത്ത് പറക്കുന്നപോലെ. നേട്ടമോ നഷ്ടമോ എന്നറിയില്ലെങ്കിലും അവന് അതൊരു വലിയ ആശ്വാസമായി തോന്നി.
അടുത്ത ആറു മാസത്തെ പോരാട്ടം തുടങ്ങി. ഓഡിറ്ററുടെ ഓഫീസിൽ അർദ്ധരാത്രികളോളം കാത്തിരുന്നു. P&L, ബാലൻസ് ഷീറ്റ് — ഒന്നും അറിയാത്തതിൽ നിന്നും പഠിച്ചു.
ആറ് മാസത്തെ പരിശ്രമം ഒടുവിൽ ഫലം കണ്ടു.
ബിസിനസിന്റെ 50% ഓഹരി വാങ്ങാൻ
അവർ സമ്മതിച്ചു.
പുതിയ ലോഗോയും, പുതിയ പേരും, പുതിയ പ്രതീക്ഷകളും നിറഞ്ഞ ഒരു ലോഞ്ച് പരിപാടി അവൻ ആസൂത്രണം ചെയ്തു.
എന്നാൽ എല്ലാത്തിനും അടിയിൽ ഒളിഞ്ഞുകിടന്ന ഒരു ബോംബ് ഉണ്ടായിരുന്നു— നാല്–അഞ്ച് മാസത്തോളം കുടിശ്ശികയായ വാടക.
പത്ത് ലക്ഷത്തിലധികം.
ഈ വാർത്ത കേട്ട ഉടനെ ഓഫീസ് ഉടമ വിളിച്ചു. അവൻ ആഘോഷത്തിന്റെ ധൈര്യത്തോടെ അദ്ദേഹത്തെ കണ്ടുമുട്ടാൻ പോയി.
അദ്ദേഹം രണ്ടു വാക്കുകൾ മാത്രം പറഞ്ഞു—
“ഫങ്ഷൻ റദ്ദാക്കൂ.”
അവൻ ഞെട്ടി.
“എന്തിനാണ്, സർ?”
“നിങ്ങളുടെ വാടക കുടിശ്ശിക നാല് മാസം due ആണ്. അഡ്വാൻസ് മുഴുവനും തീർന്നു. പുതിയ കമ്പനിയുമായി കരാർ പുതുക്കാതെ നിങ്ങൾ എന്റെ കെട്ടിടത്തിൽ റീബ്രാൻഡിംഗ് പ്രഖ്യാപിക്കാനോ?”
അവൻ വിറച്ച് നിന്നു. പരിസരത്തെ വായു അവനു ശ്വസിക്കാൻ കഷ്ടമായിതുടങ്ങി.
വേദനയും യാചനയും ചേർന്ന്,
“സർ, ഒരു അവസരം തരൂ,”
എന്ന് അഭ്യർത്ഥിച്ചു.
നാളുകളായുള്ള പ്രശ്നങ്ങൾ അദ്ദേഹവും അറിഞ്ഞു കൊണ്ടിരുന്നു. ദീർഘനേരം സംസാരിച്ചശേഷം ഉടമ ഒടുവിൽ പറഞ്ഞു—
“ശരി. നാളത്തെ പരിപാടി നടത്താം. പക്ഷേ ഇന്ന് തന്നെ മുഴുവൻ കുടിശ്ശിക അടച്ചില്ലെങ്കിൽ നാളെ വാടക നോട്ടീസ് issue ചെയ്യും. നിങ്ങൾ ഉടൻ ഒഴിയേണ്ടി വരും. “
ഒരു ദിവസം.
പത്ത് ലക്ഷം.
അവൻ ശൂന്യനായി.
ആ അവസരത്തിൽ, അവൻ പുതിയ നിക്ഷേപകന്റെ കമ്പനിയിലെ ഫിനാൻസ് ഹെഡിനെ വിളിച്ചു സഹായം ചോദിച്ചു. തണുത്ത ശബ്‌ദമായിരുന്നു മറുവശത്ത്.
“ഞാൻ ഒന്ന് നോക്കട്ടെ”
ശേഷം ഒരു നീണ്ട നിശബ്ദധ— ഉറ്റുനോക്കി കാത്തിരിക്കുന്ന ഒരു ജീവിതത്തിന്റെ ശ്വാസംപോലെ.
ഫിനാൻസ് വൈസ് പ്രസിഡന്റ് നൽകിയിരുന്ന ആ “നോക്കട്ടെ” എന്ന മറുപടിക്ക് ശേഷം മുപ്പത് മുതൽ നാൽപതിയഞ്ചു മിനിറ്റ് വരെ അവന് യാതൊരു മറുപടിയും ലഭിച്ചില്ല. ഓരോ സെക്കന്റും അവന് ഒരു മണിക്കൂറുപോലെ നീണ്ടു. ഫോൺ മുഴങ്ങുമെന്ന പ്രതീക്ഷയിൽ അവൻ മൊബൈൽ വീണ്ടും വീണ്ടും നോക്കി. ആ ഫോൺ കോൾ വന്നാൽ എന്ത് പറയുമെന്നു വരെ അവൻ മനസ്സിൽ ചിന്തിച്ചു—“നിങ്ങളുടെ പ്രശ്നം ഞങ്ങൾ പരിഹരിച്ചു, വാടക കുടിശ്ശിക ഞങ്ങൾ തീർക്കാം, പരിപാടി നടക്കട്ടെ”—അത്തരമൊരു വാക്കുകൾ കേൾക്കാനുള്ള പ്രതീക്ഷയായിരുന്നു അവന്റെ മനസു മുഴുവൻ.
മിനിറ്റുകൾ പതുക്കെ നീങ്ങി. ഒടുവിൽ അവൻ ധൈര്യം സംഭരിച്ചു വീണ്ടും ഫിനാൻസ് VPനെ വിളിച്ചു. രണ്ട് റിങ്ങുകൾ പോലും കഴിഞ്ഞില്ല; ഫോൺ വിച്ഛേദിക്കപ്പെട്ടു. “ബിസിയായിരിക്കാം,” എന്നു സ്വയം ചിന്തിച്ച് അവൻ വീണ്ടും കാത്തിരുന്നു. താൻ അനാവശ്യമായി ആ ആളെ ബുദ്ധിമുട്ടിച്ചോയെന്ന കുറ്റബോധം പോലും അവനുണ്ടായി.
സമയം പതുക്കെ വൈകുന്നേരത്തിലേക്ക് നീങ്ങി. അടുത്ത ദിവസം പരിപാടിയായിരുന്നു. ആ ദിവസത്തിനുള്ളിൽ പത്ത് ലക്ഷം കണ്ടെത്താനുള്ള ഒരു വഴിയും അവന് കാണുന്നില്ല. ഓരോ നിമിഷവും അവന്റെ ഉള്ളിൽ സമ്മർദ്ദം ഉയർന്നു. രക്തസമ്മർദ്ദം തന്നെ ഉയർന്നുപോകുന്നുവെന്നു തോന്നി. ഇതൊന്നും ആരോടും പറയാൻ അവന് കഴിഞ്ഞില്ല. ഭാര്യയോടോ മാതാപിതാക്കളോടോ ഇത്തരമൊരു ഭാരം പങ്കിടാൻ അവന് മനസ്സില്ല. ബിസിനസ് സമ്മർദ്ദങ്ങൾ പങ്കിടാൻ അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല.
അവൻ ഒറ്റക്കായിരുന്നു.
അവസാനം, ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മൊബൈൽ ഒരു ചെറിയ വിറയലോടെ ശബ്ദിച്ചു. അവൻ വേഗം എടുത്തുനോക്കി. അത് ഒരു ഇമെയിൽ ആയിരുന്നു. അയച്ചത് അതേ ഫിനാൻസ് VP. ഫോൺ കോൾ പ്രതീക്ഷിച്ചിരുന്ന സമയത്ത് ഇമെയിൽ വന്നതിൽ അവന് ഒരു വിചിത്രമായ ആശങ്ക തോന്നി.
അവൻ ഇമെയിൽ തുറന്നു. വെറും ഒരു പാരഗ്രാഫ് മാത്രമായിരുന്നു. എന്നാൽ ഓരോ വാക്കും അവന്റെ ഹൃദയത്തിലേക്ക് കല്ലുപോലെ പതിച്ചു.
അവിടെ എഴുതിയിരുന്നത് ഇങ്ങനെ: സാമ്പത്തിക ചർച്ചകളിൽ ഇതുവരെ പത്ത് ലക്ഷത്തോളം വരുന്ന വാടക കുടിശ്ശികയുടെ കാര്യം ഒരിക്കലും പറഞ്ഞിട്ടില്ല. അവസാന നിമിഷത്തിൽ ഇത്തരമൊരു ബാധ്യത മുന്നോട്ടുവയ്ക്കുന്നത് നിരാശാജനകമാണ്. ഇത് പങ്കാളിത്തത്തിലെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നു. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഇപ്പോൾ സഹായിക്കാൻ കഴിയില്ല. പരിപാടി ഏതെങ്കിലും കാരണത്താൽ നടക്കാതിരുന്നാൽ ഈ നിക്ഷേപ കരാർ റദ്ദായതായി കണക്കാക്കുക. ഞങ്ങൾ വിശ്വസ്ഥതയുള്ള പങ്കാളികളോടാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത്.
ആ വാക്കുകൾ വായിച്ച നിമിഷം അവന്റെ കാലിന് കീഴിലുള്ള നിലം നടുങ്ങുന്നതുപോലെ തോന്നി. ലോകം മുഴുവൻ ഇരുണ്ടുപോകുന്നുവെന്നൊരു ഭയം അവനെ പിടിച്ചു. ഓഫീസിന്റെ റെസപ്ഷനിൽ നിന്നുകൊണ്ടിരിക്കുകയായിരുന്നു അവൻ. ചുറ്റും ആരുമില്ല. മാനേജർ പോലും ചായയ്ക്കായി പുറത്തുപോയിരുന്നു. ഓഫീസ് മുഴുവൻ ശൂന്യമായിരുന്നു.
അവന് തലകറക്കം തോന്നി. ഛർദിക്കുമോ എന്നു ഭയം. ശ്വാസം മുട്ടുന്നുവെന്നു തോന്നി. കഴിഞ്ഞ ഒരു വർഷം കൊണ്ട് കെട്ടിപ്പെടുത്ത മുഴുവൻ ബിസിനസും ഒരുനിമിഷത്തിൽ തകർന്നുവീണതുപോലെ. ആറുമാസമായി പ്രതീക്ഷിച്ചിരുന്ന നിക്ഷേപം ഒരു ചെറിയ ഇമെയിൽ കൊണ്ട് അവസാനിച്ചു.
അവൻ മന്ദമായി തല ഉയർത്തി പരിപാടിക്കായി തയ്യാറാക്കിയ സ്റ്റേജിലേക്കു നോക്കി. പുതിയ ലോഗോയും പുതിയ പേരും അച്ചടിച്ചിരുന്ന വലിയ ബാക്ക്ഡ്രോപ്പ് അവന്റെ മുന്നിൽ നിശ്ശബ്ദമായി നിൽക്കുകയായിരുന്നു. ഇന്നലെ വരെ അത് പ്രതീക്ഷയുടെ ചിഹ്നമായിരുന്നു. ഇപ്പോൾ അത് വെറും ശൂന്യതയായി തോന്നി.
ആകുലതയിൽ അവൻ വീണ്ടും ഫിനാൻസ് VPനെ വിളിച്ചു. രണ്ടുതവണ. രണ്ടുതവണയും രണ്ടാം റിങ്ങിൽ ഫോൺ വിച്ഛേദിക്കപ്പെട്ടു.
മുന്നിൽ ഒരു വഴിയും കാണുന്നില്ല.
അവൻ മന്ദമായി ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറി. എവിടേക്ക് പോകുന്നുവെന്ന് പോലും അറിയാതെ കാർ ഓടിക്കാൻ തുടങ്ങി. നഗരത്തിന്റെ ട്രാഫിക്, ഹോൺ ശബ്ദങ്ങൾ, സിഗ്നലുകൾ—ഒന്നും അവന്റെ മനസ്സിൽ പതിയുന്നില്ല. ഡ്രൈവ് ചെയ്യുക മാത്രമായിരുന്നു അവന് കഴിയുന്ന ഏക കാര്യം. അത് പ്രശ്നത്തിന് പരിഹാരമല്ലായിരുന്നു. എന്നാൽ ആ നിമിഷത്തിൽ ചെയ്യാൻ അവന് അറിയാവുന്ന ഏക കാര്യം അതായിരുന്നു.
ഒരു പ്രാവശ്യം അവൻ ഓഡിറ്ററെ വിളിച്ചു. മുഴുവൻ റിംഗ് പോയി. ആരും എടുത്തില്ല.
അവൻ വീണ്ടും കാർ ഓടിച്ചു. സന്ധ്യ പതുക്കെ ഇരുളിലേക്ക് മാറുകയായിരുന്നു. സൂര്യൻ താഴ്ന്നു. ആകാശം രാത്രിയുടെ ഇരുണ്ട നിറങ്ങളിലായി. സ്ഥലവും സമയവും അവനന്യമായി.
അവസാനം അവന്റെ കാർ അവനെ കൊണ്ടെത്തിച്ചത് ഒരു പരിചിതമായ സ്ഥലത്തേക്കായിരുന്നു—കടൽത്തീരത്തേക്ക്. തന്റെ പ്രൊഫഷണൽ ജീവിതം തുടങ്ങിയത് കണ്ടിരുന്ന അതേ കടൽ. ഒരിക്കൽ അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്ന അതേ കടൽ.
അവൻ കാർ പാർക്ക് ചെയ്തു. തീരത്തേക്ക് നടക്കാൻ തുടങ്ങി. വലിയ കടലിന്റെ മുന്നിൽ കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങൾ എല്ലാം അവന്റെ മനസ്സിലൂടെ വീണ്ടും കടന്നുപോയി. മുന്നിൽ ഭാവി ഒന്നും കാണുന്നില്ല. അല്ലെങ്കിൽ, മനസ്സ് ഭാവി കാണാൻ തയ്യാറായിരുന്നില്ല.
കടൽത്തീരത്ത് അവൻ നിൽക്കുകയായിരുന്നു. ഇരുണ്ടു തുടങ്ങുന്ന ആകാശം, മങ്ങിയ പ്രകാശത്തിൽ തിളങ്ങുന്ന തിരമാലകൾ, നിശ്ശബ്ദമായി ശ്വസിക്കുന്ന വലിയൊരു ജീവിയെപ്പോലെ കടൽ — എല്ലാം അവനെ നോക്കി നിൽക്കുന്നുവെന്നു തോന്നി.
തിരമാലകൾ പതുക്കെ മുന്നോട്ടു വന്നു അവന്റെ കാൽപ്പാദങ്ങളെ തൊട്ടു. ആ സ്പർശം അതീവ മൃദുവായിരുന്നു. വർഷങ്ങളായി കാണാതിരുന്ന ഒരു സുഹൃത്ത് വീണ്ടും കണ്ടപ്പോൾ കൈ പിടിച്ചു “നീ എങ്ങനെയുണ്ട്?” എന്നു ചോദിക്കുന്നതുപോലെ.
അവൻ കുറച്ചു നിമിഷം നിശബ്ദനായി നിന്നു. ആ സ്പർശം അവന്റെ ഉള്ളിലെ കട്ടപിടിച്ച വേദനയെ പതുക്കെ അലിയിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി.
ആ നിമിഷത്തിൽ അവന് സൗഹൃദങ്ങൾ വേണ്ടെന്നു തോന്നി. ഒരു വാക്കും പറയാത്ത, ഒന്നും ചോദിക്കാത്ത, വിധിയെഴുത്ത് ഇല്ലാത്ത ഒരു സാന്നിധ്യം മാത്രം വേണ്ടിയിരുന്നു.
അവന്റെ മുന്നിൽ ആ സാന്നിധ്യം ഉണ്ടായിരുന്നു — കടൽ.
“നീ എപ്പോഴും ഇവിടെ തന്നെയായിരുന്നു,” എന്നൊരു ചിന്ത അവന്റെ മനസ്സിലൂടെ കടന്നുപോയി.
തന്റെ വിജയങ്ങൾക്കും പരാജയങ്ങൾക്കും സാക്ഷിയായി, ഒരിക്കലും ചോദ്യം ചെയ്യാതെ, ഒരിക്കലും വിട്ടുപോകാതെ.
അവൻ പതുക്കെ മുന്നോട്ട് നടന്നു.
ആദ്യത്തെ തിരമാല വീണ്ടും അവനെ തൊട്ടു. ഈ പ്രാവശ്യം അല്പം കൂടുതൽ ശക്തിയായി.
പിന്നെ മറ്റൊന്ന്.
വെള്ളം കാൽപ്പാദങ്ങളിൽ നിന്ന് കാൽമുട്ടുകളിലേക്കു ഉയർന്നു.
അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു.
ആ തണുത്ത വെള്ളത്തിന്റെ സ്പർശം അവന് ഒരു ആലിംഗനം പോലെ തോന്നി —
“വാ… ഞാൻ ഇവിടെ തന്നെയുണ്ട്…” എന്ന് പറയുന്ന ഒരു സുഹൃത്തിന്റെ കൈപ്പിടി.
അവൻ വീണ്ടും ഒരു പടി മുന്നോട്ട് വെച്ചു.
ഇപ്പോൾ തിരമാലകൾ അരവരെ ഉയർന്നു.
വെള്ളം ശരീരത്തെ ചുറ്റിപ്പിടിച്ചു.
അത് ഒരു ആക്രമണമല്ലായിരുന്നു.
അത് ഒരു ചേർത്തുപിടിത്തമായിരുന്നു.
വർഷങ്ങളായി അവൻ ആരോടും തുറന്നുപറയാത്ത ഭാരം ആ നിമിഷത്തിൽ അവന്റെ നെഞ്ചിനുള്ളിൽ പൊട്ടിത്തെറിക്കാൻ ശ്രമിച്ചു.
അവൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് കരയണം എന്ന ആഗ്രഹം ആഴത്തിൽ വളർന്നു.
കടൽ അവനെ പതുക്കെ ചേർത്തുപിടിച്ചു.
ആദ്യം കാലുകൾ.
പിന്നെ അര.
പിന്നെ നെഞ്ച്.
ഓരോ തിരമാലയും അവനെ ചേർത്തുപിടിക്കുന്ന ഒരു കൈപോലെ.
“എല്ലാം ശരിയാകും…”
“ഞാൻ ഇവിടെ തന്നെയുണ്ട്…”
എന്നു പറയുന്നതുപോലെ.
അവൻ ആ ആലിംഗനത്തിൽ മുഴുവനായും ഒതുങ്ങി.
വെള്ളം കഴുത്തുവരെ ഉയർന്നു.
തണുത്ത വെള്ളം മുഖത്തെ തൊട്ടു.
മൂക്കിലേക്ക് ഉപ്പിന്റെ കനം നിറഞ്ഞ ഗന്ധം കയറി.
പക്ഷേ അവൻ പിന്നോട്ട് പോയില്ല.
ആ നിമിഷത്തിൽ അവൻ ഒന്നും ചിന്തിച്ചില്ല.
അവന് തോന്നിയത് ഒരേയൊരു കാര്യം മാത്രം — ഒടുവിൽ ആരോ അവനെ ചേർത്തുപിടിക്കുന്നു.
തിരമാലകൾ ശക്തിയായി ഉയർന്നു. വെള്ളം മൂക്കിലും ചെവികളിലും കയറി. ഉപ്പുവെള്ളം കണ്ണുകളെ കത്തിച്ചു.
ശ്വാസം മുട്ടി.
എന്നിരുന്നാലും അവന്റെ ഉള്ളിൽ ഒരു ഭാഗം ഇപ്പോഴും ആ ആലിംഗനം വിട്ടുകളയാൻ തയ്യാറായിരുന്നില്ല.
പെട്ടെന്ന് ഒരു കൈ അവന്റെ കാലിൽ പിടിച്ചു.
ആരോ ശക്തിയായി വലിച്ചു.
“വിടൂ…”
എന്ന് പറയാൻ അവൻ ശ്രമിച്ചു.
“ഞാൻ എന്റെ സുഹൃത്തിനൊപ്പം ഇരിക്കട്ടെ…”
പക്ഷേ വാക്കുകൾ പുറത്തുവന്നില്ല. ലോകം പതുക്കെ ഇരുണ്ടുപോയി. അവൻ കണ്ണുകൾ അടച്ചു.
കുറച്ച് സമയം കഴിഞ്ഞ് കനത്ത വേദനയോടെ അവൻ ഉണർന്നു. ആരോ മുഖത്ത് അടിക്കുകയായിരുന്നു. ഒരാൾ വയറിന് മുകളിൽ അമർത്തി വെള്ളം പുറത്തെടുക്കാൻ ശ്രമിച്ചു. വീണ്ടും ഒരു അടിക്ക് ശേഷം അവൻ കണ്ണുകൾ തുറന്നു.
ചുറ്റും മൂന്ന് നാലുപേർ. അവർ അവനെ ശപിച്ചു കൊണ്ടിരുന്നു. എന്നാൽ ആ ശാപങ്ങളിലും ഒരു കരുതലുണ്ടായിരുന്നു.
കുറച്ച് സമയം കഴിഞ്ഞ് അവൻ ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുകയായിരുന്നു. കൈയിൽ ഒരു ചെറിയ കപ്പ് ചായ. ചായയ്ക്ക് രുചിയൊന്നുമില്ല. പക്ഷേ അതിന്റെ ചൂട് തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അവന് ആശ്വാസം തോന്നി.
വിഷമത്തോടെ അവൻ കാറിലേക്കു നടന്നു. യാഥാർത്ഥ്യത്തിലേക്ക് ഒരു മടക്കയാത്ര.
കാറിന്റെ വാതിൽ തുറന്ന് മൊബൈൽ എടുത്തു നോക്കി. പതിനൊന്ന് മിസ്ഡ് കോളുകൾ. രണ്ടെണ്ണം ഭാര്യയിൽ നിന്ന്. ബാക്കിയുള്ളത് ഓഡിറ്ററിൽ നിന്ന്.
അവൻ വിറക്കുന്ന കൈകളോടെ ഓഡിറ്ററെ വിളിച്ചു. മറുവശത്ത് ഉത്കണ്ഠ നിറഞ്ഞ ശബ്ദം.
“എവിടെയായിരുന്നു? ഞാൻ നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ആ മെയിൽ കണ്ടു. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?”
അവൻ മന്ദമായി പറഞ്ഞു: “എന്ത് ചെയ്യണം?”
ഓഡിറ്റർ കുറച്ച് നിമിഷം മിണ്ടാതെ നിന്നു. പിന്നെ പറഞ്ഞു: “ഒരു വഴി ഉണ്ട്. നിങ്ങൾ വിറ്റഴിക്കുന്ന ഷെയറുകളിൽ നിന്നുള്ള വ്യക്തിപരമായ തുക ഉപേക്ഷിക്കൂ. ആ തുക കമ്പനിക്ക് ലോൺ ആയി കാണിക്കാം. അത് ഉപയോഗിച്ച് ഈ ബാധ്യത തീർക്കാം.”
ആ വാക്കുകൾ കേട്ടപ്പോൾ ഇരുട്ടിനുള്ളിൽ ഒരു ചെറിയ വെളിച്ചം തെളിഞ്ഞതുപോലെ അവന് തോന്നി.
ആ തുക അവന്റെ ജീവിതത്തിലെ ഒരേയൊരു ചെറിയ സുരക്ഷിതത്വം ആയിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ കഷ്ടപ്പാടിന്റെ ഒരു ചെറിയ പ്രതിഫലം. പക്ഷേ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.
അവൻ പതുക്കെ മൊബൈൽ എടുത്തു.
വിരലുകൾ ഇനിയും വിറയ്ക്കുകയായിരുന്നു. ഇമെയിൽ റിപ്ലൈ ബട്ടൺ അമർത്തി. സ്ക്രീനിൽ ശൂന്യമായ ഒരു ടെക്സ്റ്റ് ബോക്സ് തുറന്നു. ചില സെക്കൻഡുകൾ അവൻ ഒന്നും ടൈപ്പ് ചെയ്തില്ല. അവൻ സ്ക്രീനെ മാത്രം നോക്കി.
തന്റെ ജീവിതത്തിലെ അടുത്ത അധ്യായം ഈ കുറച്ചു വരികളിൽ ഒതുങ്ങാനിരിക്കുകയാണ് എന്ന ബോധം അവന്റെ ഉള്ളിൽ ഒരു വിചിത്രമായ ഭാരം ഉണ്ടാക്കി.
അവൻ പതുക്കെ ടൈപ്പ് ചെയ്യാൻ തുടങ്ങി. ഓരോ വാക്ക് ടൈപ്പ് ചെയ്യുമ്പോഴും അവന്റെ മനസ്സ് ചോദിച്ചു —
“ഇത് ശരിയായ തീരുമാനമാണോ?”
എന്നാൽ അവൻ നിർത്തിയില്ല.
“എന്റെ വ്യക്തിപരമായ ഷെയർ തുക കമ്പനിക്ക് ലോൺ ആയി ഉപയോഗിക്കാം…”
അവസാന വാക്ക് ടൈപ്പ് ചെയ്ത ശേഷം അവൻ സ്ക്രീനെ നോക്കി കുറച്ച് നിമിഷം നിന്നു.
പിന്നെ “Send” അമർത്തി.
ആ ചെറിയ ബട്ടൺ അമർത്തിയ നിമിഷം അവന് ഒരു വലിയ ഭാരമിറങ്ങിയതുപോലെ തോന്നി. പക്ഷേ അതോടൊപ്പം ഒരു വലിയ ശൂന്യതയും.
അവൻ കാറിന്റെ സീറ്റിൽ തല പിന്നോട്ട് ചായിച്ചു.bകണ്ണുകൾ അടച്ചു. കുറച്ച് നിമിഷം ശ്വാസം മാത്രം കേട്ടു. ശേഷം അവൻ പതുക്കെ കാർ സ്റ്റാർട്ട് ചെയ്തു.
നഗരത്തിന്റെ ലൈറ്റുകൾ പതുക്കെ മുന്നിലൂടെ കടന്നുപോയി. ട്രാഫിക് ശബ്ദങ്ങൾ വീണ്ടും കേൾക്കാൻ തുടങ്ങി. ഈ പ്രാവശ്യം അവൻ എവിടേക്ക് പോകുന്നുവെന്ന് അറിയാമായിരുന്നു.
വീട്.
അവൻ പതുക്കെ വീട്ടിലെത്തി. വീട് നിശ്ശബ്ദമായിരുന്നു. ഭാര്യ നാട്ടിലായിരുന്നു. ആ ശൂന്യത അവനെ വീണ്ടും ഒറ്റപ്പെടലിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോയി. മുറിയിലേക്ക് കയറി. കിടക്കയിൽ വീണു. ശരീരം മുഴുവനും ക്ഷീണിച്ചിരിക്കുന്നു. കണ്ണുകൾ അടച്ചതും അവൻ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീണു.
രാവിലെ അവൻ മൊബൈൽ തുറന്നു. ഒരു ഇമെയിൽ. ഫിനാൻസ് VP. അവൻ തുറന്നു.
അവന്റെ നിർദ്ദേശം അംഗീകരിച്ചു.
പത്ത് ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് തയ്യാറാണ്. വന്ന് വാങ്ങാം.
അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അത് നന്ദിയായിരുന്നു.
ഓഡിറ്ററോടും…
അവനെ രക്ഷിച്ച കൈകളോടും…
ആ ഇരുട്ടിൽ അവനു വെളിച്ചം പകർന്ന വിശ്വത്തോടും.
അവൻ നിക്ഷേപകന്റെ ഓഫീസിൽ പോയി DD വാങ്ങി. തന്റെ ഓഫീസ് ഉടമക്ക് നൽകി. അതിനൊപ്പം ഒരു ക്ഷണപത്രവും — പുതിയ ബ്രാൻഡിന്റെ ഉദ്ഘാടനത്തിന്.
ജീവിതം പലപ്പോഴും നമ്മെ ഇരുട്ടിലേക്കു തള്ളും. ചില നിമിഷങ്ങളിൽ നമ്മൾ പൂർണ്ണമായും തകർന്നുപോകും. പക്ഷേ ഒരു സത്യം മാത്രം,
അവസാനം എല്ലാം ശരിയാകും.
ഇനി ശരിയായിട്ടില്ലെങ്കിൽ —
അത് ഒരിക്കലും അവസാനമല്ല.